നിലമ്പൂര്‍: ആവേശത്തിന്റെ അലകളായി ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവുമായ യു.ഡി.എഫ് പ്രചരണത്തിന്റെ കൊട്ടിക്കലാശം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ റോഡ് ഷോ ഉച്ചക്ക് 12 മണിയോടെ വഴിക്കടവ് ആനമറിയില്‍ നിന്നാണ് ആരംഭിച്ചത്. ഇരുനൂറോളം ഒട്ടോറിക്ഷകളും 300 റിലേറെ ബൈക്കുകളും നൂറിലേറെ കാറുകളിലും കാല്‍നടയുമായി പതിനായിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടു ധരിച്ചവരും കൈ ചിഹ്നം പതിച്ച വര്‍ണ ബലൂണുകളും കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും കൊടികള്‍ വീശി ആര്‍ത്തുവിളിച്ചാണ് ജനസാഗരം ഇരമ്പിയത്.
തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനൊപ്പം യു.ഡി.എഫിന്റെ യുവനിരയായകെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അന്‍വര്‍സാദത്ത് എം.എല്‍.എ, റോജി എം ജോണ്‍ എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ, മുന്‍ എം.എല്‍.എ വി.ടി ബല്‍റാം, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി, പാറക്കല്‍ അബ്ദുള്ള, ടി.പി അഷ്‌റഫലി, അഷ്‌റഫ് കോക്കൂര്‍, അബിന്‍ വര്‍ക്കി, അഹമ്മദ് സാജു തുടങ്ങിയ നേതാക്കള്‍ അണിനിരന്നു. എടക്കരയിലെത്തിയപ്പോള്‍ ആവേശം അണപൊട്ടിയ വരവേല്‍പ്പായിരുന്നു.
ചുങ്കത്തറ കഴിഞ്ഞതോടെ ആര്യാടന്‍ ഷൗക്കത്ത് തുറന്ന ജീപ്പിലേക്ക് മാറി. ഷാഫി പറമ്പിലും പി.കെ ഫിറോസും അന്‍വര്‍സാദത്തും രാഹുല്‍ മാങ്കൂട്ടത്തിലുമെല്ലാം ബൈക്കില്‍ കയറി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. ചന്തക്കുന്ന് എത്തുമ്പോഴേക്കും വീണ്ടും സ്ഥാനാര്‍ത്ഥി തുറന്ന വാഹനത്തിലേക്ക് കയറി.
ആനമറിയില്‍ നിന്നും നിലമ്പൂര്‍ ചെട്ടിയങ്ങാടി വരെ 20 കിലോമീറ്ററോളം ദൂരം നാലര മണിക്കൂറിലേറെ സമയമെടുത്താണ് എത്തിയത്. കൊട്ടിക്കലാശത്തിന്റെ വേദിയായ ചെട്ടിയങ്ങാടിയില്‍ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് മുതല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വരെയുള്ള സ്ഥലത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ കാലുകുത്താനിടമില്ലാതെ ആയിരങ്ങള്‍ പാട്ടും നൃത്തവുമായി അവിടെ ഇടം പിടിച്ചിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എല്‍.എ, ജെബി മേത്തര്‍ എം.പി, മുന്‍ എം.പി രമ്യഹരിദാസ് അടക്കമുള്ള നേതാക്കള്‍ പ്രചരണവാഹനത്തിന് മുകളില്‍കയറി പ്രസംഗിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.

ആര്യാടന്‍ ഷൗക്കത്തിന്റെ റോഡ് ഷോ ചെട്ടിയങ്ങാടിയിലെത്തിയപ്പോള്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ കൊട്ടിക്കലാശത്തിന്റെ ആവേശത്തില്‍ പങ്കാളികളാകാനെത്തി. കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
നിലമ്പൂര്‍ ഇന്നു വരെ കാണാത്ത ആവേശകരമായ പ്രചരണ കൊട്ടിക്കലാശത്തിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത്. നിലമ്പൂരിനൊപ്പം എടക്കരയിലുമായി രണ്ടിടത്തായിരുന്നു യു.ഡി.എഫിന്റെ കൊട്ടികലാശം. റോഡ് ഷോയിലെയും കൊട്ടിക്കലാശത്തിലെയും ജനപങ്കാളിത്തം നിലമ്പൂരില്‍ യു.ഡി.എഫിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനം കൂടിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *