തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോര്‍ഡിങ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശത്ത് വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരായ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വാഹനവും സ്‌കൂളിലെ ചില വാഹനങ്ങളും സമരക്കാര്‍ അഗ്നിക്കിരയാക്കി. സ്‌കൂളിലെ നിരവധി ബസുകള്‍ അടിച്ചുതകര്‍ത്തു. ചില ബസുകള്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ബസുകള്‍ മറിച്ചിടുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധക്കാര്‍ സ്‌കൂളിനകത്ത് അക്രമം തുടരുകയാണ്

കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ശ്രീമതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. രാവിലെ സുരക്ഷാ ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കള്ളക്കുറിച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു.

പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്‌കൂളിലെ മറ്റു കുട്ടികളും ഇതേരീതില്‍ പെരുമാറിയെന്നും കുറിപ്പിലുണ്ട്. കത്തില്‍ സൂചിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍, കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അധ്യാപകരെ വിട്ടയച്ചു.

ഞായറാഴ്ച രാവിലെ, പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്‌കൂളിനു മുന്നിലെത്തിയും പ്രതിഷേധിക്കുകയായിരുന്നു. കുറ്റക്കാരായ അധ്യാപകരെയും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്ന വിദ്യാര്‍ഥികളെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം. ഇന്നലെ മുതല്‍ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായിരുന്നു. പ്രദേശത്തു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *