കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ. കോഴിക്കോട് അരീക്കാട് പുല്ലൂന്നിപാടം പാറക്കോട്ട് വീട്ടിൽ ഷഹദ് സമാൻ (28) നെ യാണ് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എം എം അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.
യുവാവിന്റെ വീട്ടിൽ വച്ച് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുടെ ഉപയോഗവും വിതരണവും നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം സബ് ഇൻസ്പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും ചേർന്ന് അരീക്കാട് പുല്ലൂന്നിപ്പാടം പാറക്കോടുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ കൈയിൽ നിന്നും നാല് ഗ്രാമോളം എം ഡി എം എ യും ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബുകളും, ലഹരി വില്പന നടത്തിയതിലൂടെ ലഭിച്ച 15000 രൂപയും പോലീസ് കണ്ടെടുത്തു. ഇതിനുമുമ്പും സമാനമായ കേസിൽ 9 മാസത്തോളം ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയ പ്രതി നിരന്തരമായ ലഹരി ഉപയോഗവും വിതരണവും നടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് സിറ്റി പരിധിയിൽ കനത്ത പരിശോധന നടത്തിവരുന്നതായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എം എം അബ്ദുൽ കരീം മാധ്യമങ്ങളോട് പറഞ്ഞു.
