വിജയ് നായകനാവുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ‘ലിയോ’ തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രീ ബുക്കിംങ് നൂറ് കോടി കടന്നു. ഒക്ടോബർ 19-ന് റിലീസ് ചെയ്യുന്ന ചിത്രം ആദ്യംദിനം പ്രദർശനത്തിനെത്തുന്ന തിയേറ്ററുകളിലെ ഒട്ടുമിക്ക ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. തമിഴ്‌നാടിന് പുറമേ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും വൻ സ്വീകാര്യതയാണ് ലിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി ആദ്യയാഴ്ച്ചയിലെ ബുക്കിങ്ങിലൂടെ ഇതുവരെ 100 കോടി ലിയോ നേടിയെന്നാണ് ഇന്ത്യൻ ബോക്‌സ് ഓഫീസ് ട്രാക്കർ സാക്ക്‌നിക്കാണ് പുറത്തുവിട്ടിരിക്കുന്ന കണക്ക്.

ഞായറാഴ്ച രാവിലെയാണ് ‘ലിയോ’യുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. ഞായറാഴ്ച മാത്രം ഓൺലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. എൺപതിനായിരം ടിക്കറ്റുകളാണ് ആദ്യ ഒരു മണിക്കൂറിൽ വിറ്റുപോയത്. കേരളത്തിൽ പ്രീ ബുക്കിങ്ങിലൂടെ ഇതുവരെ 7.25 കോടിയാണ് നേടിയിരിക്കുന്നത്.

മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ‘ലിയോ’ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *