ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത നടൻ സൂര്യ അഭിനയിച്ച ‘ജയ് ഭീം’ 2022 ലെ ഗോൾഡൻ ഗ്ലോബ്‌സിൽ ‘മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം’ എന്ന വിഭാഗത്തിൽ നോമിനേഷനായി ഔദ്യോഗികമായി പ്രവേശിച്ചതിന് പിന്നാലെ ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഇടം നേടി. സംവിധായകന്റെ കഥാ വിവരണത്തോടൊപ്പം ചിത്രത്തിലെ ഒരു രംഗമാണ് യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരിക്കുന്നത് .
പോലീസ് കസ്റ്റഡിയിൽ ഭർത്താവിനെ കാണാതായതിനെ തുടർന്ന് ഗർഭിണിയായ ഭാര്യ, ചന്ദ്രുവിന്റെ സഹായം തേടുന്നതാണ് ചിത്രം. ജാതി അടിസ്ഥാനത്തിലുള്ള മുൻഗണനയും പോലീസിന്റെ പെരുമാറ്റവും സിനിമയിൽ ചിത്രീകരിച്ചതിൽ നിരവധി വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
സൂര്യ, ലിജോമോൾ ജോസ്, മണികണ്ഠൻ എന്നിവർ അഭിനയിച്ച ജയ് ഭീം 2021 നവംബർ 2-ന് ഒടിടിയിലാണ് പ്രദർശിപ്പിച്ചത്. തന്റെ പരിശ്രമത്തിലൂടെ തമിഴ്‌നാട്ടിലെ തദ്ദേശീയ ഗോത്രങ്ങൾക്ക് നീതി ലഭ്യമാക്കിയ ആക്ടിവിസ്റ്റ്-അഭിഭാഷകനായ ചന്ദ്രുവിന്റെ കഥ ഒരു യഥാർത്ഥ കേസിനെ ആസ്പദമാക്കി ‘ജയ് ഭീം’ പറയുന്നു. ഓസ്‌കാറിന്റെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ട വിഡിയോയിൽ കഥ എങ്ങനെ സിനിമയായി എടുത്ത് എന്നും അതിനു പിന്നിലെ എഴുത്തിനെ കുറിച്ചും സംവിധാനത്തെ കുറിച്ചതും ജ്ഞാനവേൽ പറയുന്നു.