ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗ്രീഷ്മയ്ക്ക് ഒരു ഘട്ടത്തില്‍ പോലും കുറ്റബോധം ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം വഴി നേടിയ ശാസ്ത്രീയമായ അറിവുകള്‍ ഗ്രീഷ്മ ദുരുപയോഗം ചെയ്തു. ഗ്രീഷ്മയ്ക്ക് ‘ചെകുത്താന്റെ സ്വഭാവ’മെന്നും ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെ കൊന്നു എന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി. അമ്മാവന്‍ നിര്‍മലകുമാരന്‍ കുറ്റക്കാരന്‍ എന്നും കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജാണ് വിധി പറഞ്ഞത്.

2022 ഒക്ടോബര്‍ പതിനാലിനാണ് ഷാരോണ്‍ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാന്‍ വേണ്ടി കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.

Leave a Reply

Your email address will not be published. Required fields are marked *