
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് രണ്ടാംദിനം പുരോഗമിക്കുന്നു. 96.2 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയിലാണ് കേരളം. ആദ്യദിനത്തിലെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാംദിനത്തിലെ രണ്ടാംപന്തില്‍ത്തന്നെ പുറത്തായി. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്റെ മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ക്കാതെയാണ് മടങ്ങിയത്. കഴിഞ്ഞദിവസം ജലജ് സക്‌സേനയെ മടക്കിയതും നഗ്വാസ്വല്ലയായിരുന്നു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനും (38) സൂപ്പര്‍ താരം സല്‍മാന്‍ നിസാറും (6) ആണ് ക്രീസില്‍. രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്.നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം സ്റ്റമ്പെടുത്തിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ താരം വരുണ്‍ നായനാരും (55 പന്തില്‍ 10) ജലജ് സക്സേനയും 30(83) ആണ് നേരത്തേ പുറത്തായത്. കരുതലോടെയായിരുന്നു കേരളത്തിന്റെ തുടക്കം. ക്ഷമയോടെ ബാറ്റുവീശിയ ഓപ്പണര്‍മാര്‍ ആദ്യ 20 ഓവര്‍വരെ 60 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു.ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്. ഈ സീസണില്‍ കേരളത്തിന്റെ പരിശീലകനായെത്തിയ അമേയ് ഖുറേസിയുടെ ആസൂത്രണമികവും പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ ഒത്തൊരുമയുമാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നില്‍. മറ്റൊരു സെമിയില്‍ വിദര്‍ഭ മുംബൈക്കെതിരേ ശക്തമായ നിലയിലാണ്.