ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് 18 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്.

ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 40 മിനിറ്റിലധികം വൈകിയാണ് ദുരന്ത നിവാരണ സേനക്ക് കോള്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടക്കുന്നത് രാത്രി 9.15നാണെന്ന് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, ഡല്‍ഹി പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് ആദ്യ കോള്‍ ലഭിച്ചത് രാത്രി 9.55നാണ് എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് അവകാശപ്പെട്ടു. ആര്‍.പി.എഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രാത്രി 8.48നാണ് തിരക്കുണ്ടായതെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഡ്യൂട്ടിയിലുള്ള സ്റ്റേഷന്‍ ഇന്‍ചാര്‍ജിന് ആ സമയം തന്നെ നല്‍കിയിരുന്നുവെന്നും പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം 12,16 പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാരുടെ തിക്കും തിരക്കും കൂടുതലായിരുന്നു. യാത്രക്കാരിലേറെയും കുംഭമേളക്കായി പ്രയാഗ്രാജിലേക്ക് പോകുന്നവയായിരുന്നു. സാഹചര്യം കണക്കിലെടുത്ത്, സ്റ്റേഷന്‍ ഡയറക്ടറും ആര്‍.പി.എഫിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണറും ജീവനക്കാരും യഥാക്രമം രണ്ട്, മൂന്ന് ഓവര്‍ബ്രിഡ്ജുകളില്‍ എത്തി തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിന്‍ പെട്ടെന്ന് അനൗണ്‍സ് ചെയ്തതാണ് തിക്കിനും തിരക്കിനും കാരണമായത്. 16 ാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പ്രത്യേക ട്രെയിന്‍ എത്തും എന്നായിരുന്നു അറിയിപ്പ്. 12-13 , 14-15 പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഇതോടെ 16 ആം പ്ലാറ്റ്ഫോമിലേക്ക് ഓടി. ആളുകള്‍ കൂട്ടമായി ഓടിയത് തിക്കും തിരക്കും ഉണ്ടാക്കിയതാണ് അപകടകാരണമെന്നാണ് ആര്‍.പി.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *