നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നാണ് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞത്.ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണ്, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചു- വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊണ്ടുപിടിച്ച പ്രചാരണപരിപാടികളിലാണ് സ്ഥാനാര്‍ത്ഥികള്‍. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടക്കുന്ന വേളയില്‍ സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് വിവാദമാവുകയായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവച്ചപ്പോള്‍ ടൊവിനോ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നുമാണ് സുനില്‍ കുമാര്‍ കുറിച്ചിരുന്നത്. എന്നാല്‍ തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണ്, താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷൻ (എസ്‍വിഇഇപി) അംബാസഡര്‍ ആണെന്നും ടൊവിനോ സമൂഹമാധ്യമത്തിലൂടെ തന്നെ പ്രതികരിച്ചു. ഇതോടെ ഫോട്ടോ സുനില്‍ കുമാര്‍ പിൻവലിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവും നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *