മമ്മൂട്ടി ചിത്രം ‘സിബിഐ 5 : ദ് ബ്രെയ്ൻ’ മേയ് ഒന്നിന് റിലീസ് ചെയ്യും. സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റാണ്. രണ്ട് മണിക്കൂർ 49 മിനിറ്റാണ് ദൈർഘ്യം.. ഏറെ കാലത്തിന് ശേഷം ഞായറാഴ്ച റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സിബിഐ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമായ സിബിഐ ഫൈവ് ദ ബ്രയിന്‍ എന്ന സിനിമക്കുണ്ട്. കെ മധുവാണ് സംവിധാനം. എസ്. എന്‍ സ്വാമി തിരക്കഥ. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മാണം.
ബാസ്‌കറ്റ് കില്ലിംഗ് പ്രമേയമാകുന്ന ചിത്രമായിരിക്കും സിബിഐ അഞ്ചാം ഭാഗമെന്ന് ചിത്രീകരണത്തിന് മുമ്പ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവും പിന്നിലെ ദുരൂഹതകളും വിവരിക്കുന്ന ഡയലോഗിനൊപ്പം സേതുരാമയ്യരെ അവതരിപ്പിക്കുന്നതായിരുന്നു സിനിമയുടെ ടീസര്‍.
സിബിഐ അഞ്ചിൽ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
1988ലാണ് സിബിഐ സീരീസിലെ ആദ്യചിത്രമെത്തുന്നത്.ഒരു സിബിഐ ഡയറിക്കുറിപ്പിന് പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളും പുറത്തുവന്നു.