തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ കുടിവെള്ളം, ജ്യൂസ് കടകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മാർച്ചിൽ തുടങ്ങിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ഇതുവരെ 3641 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ഇതിൽ വീഴ്ചകൾ കണ്ടെത്തിയ 510 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു (291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 എണ്ണത്തിന് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി).
ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തിൽ നിന്നാണോ നിർമ്മിക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് നിർമ്മിക്കാവൂ എന്ന് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനോടകം ജ്യൂസുകളുടെയും കുടിവെള്ളത്തിന്റെയും ഉൾപ്പെടെ 662 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളത്തിന് മുൻഗണന നൽകണം. ചൂടുകാലത്ത് ആഹാരം പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ അടച്ചുസൂക്ഷിക്കണം. ഭക്ഷണ പാഴ്സലുകളിൽ സമയവും തീയതിയും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാണ്. പുറത്തുപോകുമ്പോൾ ശുദ്ധമായ കുടിവെള്ളം കൈയ്യിൽ കരുതുന്നത് രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ജില്ലാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ വഴിയോരക്കച്ചവടം മുതൽ വലിയ ഹോട്ടലുകൾ വരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
