രുദ്രപ്രയാഗ്: കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് റൂട്ടില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ജംഗിള്‍ചാട്ടി ഘട്ടിന് സമീപം രാവിലെ 11.20 നാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. പൊലീസും എസ്.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും മലയിടുക്കില്‍ നിന്ന് പുറത്തെടുത്തത്.
രുദ്രപ്രയാഗ് ജില്ലയിലെ ജംഗിള്‍ഛട്ടി ഘട്ടിന് സമീപമുള്ള കുന്നിന്‍ ചരിവില്‍ വെച്ച് തീര്‍ഥാടകരുടെയും പല്ലക്ക്, പോര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരുടെയും മുകളിലേക്ക് പാറകള്‍ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ട് പേര്‍ മരിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. സ്ത്രീക്ക് നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി എസ്.പി പറഞ്ഞു.