തിരുവനന്തപുരം: മില്‍മയുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് മില്‍ന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി പിഴ ചുമത്തിയത്. മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍) സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യം ചെയ്യുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ അടക്കാന്‍ സ്ഥാപനത്തിന് നിര്‍ദേശം നല്‍കി.
മില്‍മക്ക് അനുകൂലമായ വിധിയില്‍ സന്തോഷമുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. മില്‍മയുടെ ബ്രാന്‍ഡ് ഇമേജിനെ അപകീര്‍ത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ ഇനിയും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെ വാങ്ങി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.