കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം ആര്‍. അമലാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി.

‘റെഡ് ബറ്റാലിയന്‍’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തതിലാണ് അറസ്റ്റ്. ഡിവൈഎഫ്ഐ വടകര ടൗണ്‍ മേഖലാ കമ്മിറ്റിയംഗം കൂടിയാണ് അമല്‍.

കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിതിന്‍ ഭാസ്‌കറും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ ജിതിന് 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയത് വലിയ വിവാദമായിരുന്നു. ജൂണ്‍ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍. കേസ് പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം.

ജിതിന് സ്‌ക്രീന്‍ഷോട്ട് നിര്‍മാണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ വാദിക്കുമ്പോഴും, ജിതിന്‍ തന്നെയാണ് ഇത് നിര്‍മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്നലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *