ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാന്‍ഡ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യ ദിനത്തിലുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു. സോണിയയും ഖര്‍ഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും എന്നാല്‍ ആലാപനം തുടരുന്നതും വീഡിയോയില്‍ കാണാം.

എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായകസംഘമാണ് വന്ദേമാതരം മുഴുവനായും പാടിയത്. രണ്ട് ഖണ്ഡങ്ങള്‍ മാത്രമാണ് സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വര്‍ഷവും എഐസിസി ആസ്ഥാനത്ത് പാടാറുള്ളത്. എന്നാല്‍, ഇത്തവണ രണ്ട് ഖണ്ഡങ്ങള്‍ കഴിഞ്ഞിട്ടും നിര്‍ത്താത്ത സാഹചര്യമാണുണ്ടായത്. അതേസമയം വിവാദത്തില്‍ സേവാദളിനെതിരെ നടപടിയുണ്ടാകില്ല. സേവാദള്‍ അധ്യക്ഷന്‍ പി.വി ശ്രീനിവാസന്‍, മുന്‍അധ്യക്ഷന്‍ ലാല്‍ജി ദേശായി എന്നിവര്‍ക്കായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കമാന്‍ഡിന് സേവാദള്‍ നേതൃത്വം വാക്കാല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *