കൊച്ചി: മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘അതിമനോഹരത്തിന്റെ’ ഷൂട്ടിംഗ് പമ്പയിലും നിലയ്ക്കലിലുമായി ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നെങ്കിലും, അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രീകരണ സ്ഥലത്തുനിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘തുടരും’ എന്ന വൻ വിജയ ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാകില്ലെന്ന് ഡി.എഫ്.ഒ. വ്യക്തമാക്കിയിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് കോട്ടമില്ലാത്തവിധത്തിലും കർശന നിബന്ധനകളോടെ നിലയ്ക്കൽ ബസ് സ്റ്റാൻഡ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം നടത്താമെന്ന് റാന്നി ഡി.എഫ്.ഒ. കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *