തിരുവനന്തപുരം: ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും നാളെ 0.9 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നിർദ്ദിഷ്ട തീരപ്രദേശങ്ങളിലും കന്യാകുമാരി തീരത്തും (1.3 മുതൽ 2.2 മീറ്റർ വരെ) നാളെ രാത്രി വരെ ഉയർന്ന തിരമാലകൾ അടിച്ചു വീശിയേക്കും.
കടൽക്ഷോഭവും തിരമാലകളും രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. കള്ളക്കടൽ പ്രതിഭാസമുള്ളപ്പോൾ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാൽ മീൻപിടിത്തക്കാരും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും യാത്രകളും പൂർണ്ണമായി ഒഴിവാക്കാനും, മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടാനും അധികൃതർ നിർദ്ദേശം നൽകി.
