ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പൊലീസ്. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണം ഡല്‍ഹി പൊലീസ് നിഷേധിച്ചു. 30,000ത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതുകൊണ്ടാണ് ‘ഗ്രേഡഡ് ഫോഴ്സ്’ വേണ്ടിവന്നതെന്നാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്.
സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച് നിയമവിരുദ്ധമായിരുന്നെന്ന് പൊലീസ് പറയുന്നു. ആള്‍ക്കൂട്ടം ഒന്നിലധികം നിരകളിലെ ബാരിക്കേഡ് തകര്‍ത്തു. മൂന്ന് കിലോമീറ്ററിലധികം പ്രദേശത്ത് 30,000ത്തിലധികം പേരടങ്ങുന്ന ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാന്‍ 5,000 പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയില്‍ 240 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആണിയുള്ള ലാത്തി ഉപയോഗിച്ചത് പ്രതിഷേധക്കാരില്‍ ഒരാളാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സച്ചിന് ശര്‍മ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന നാല് അനുബന്ധ ഹരജികളിലെ പൊതുമറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സിജെപി സമരത്തിനിടെ പൊലീസ് നടത്തിയ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെയും മറ്റ് ബയോമെട്രിക് ഡിജിറ്റല്‍ നിരീക്ഷണങ്ങളുടെയും ഉപയോഗത്തിനെതിരെ രാജ്യസഭാ എംപി എ.എ.റഹീം സമര്‍പ്പിച്ച ഹരജിയിലും ഡല്‍ഹി പൊലീസ് സുപ്രിംകോടതിയില്‍ മറുപടി നല്കി. ജന്തര്‍ മന്തറില്‍ മുഖനിരീക്ഷണം ഏര്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് പൊലീസ് ന്യായീകരിച്ചു. മുഖനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു നടപടിയും സ്വീകരിക്കുന്നില്ല. സംശയമുള്ള വ്യക്തി സംഭവസ്ഥലത്ത് ഉണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
