ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംയമനം പാലിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിച്ചെന്നും രാജ്യത്തെ ഓരോ വിദ്യാര്‍ത്ഥിക്കുമൊപ്പം താന്‍ ഉറച്ചുനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കുന്ന സംവിധാനത്തിന് പകരം അവരെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തര്‍മന്തറില്‍ നടന്ന സിജെപി സമരത്തിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലും വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായത്. സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷകളില്‍ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയിലേറെയായിരുന്നു സമരം. ജൂലൈ 25ന് റാഞ്ചിയിലെ ജയ്പാല്‍ സിംഗ് മുണ്ട സ്റ്റേഡിയത്തില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്നും നേരത്തെ നടത്തിയ പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സിജിഎല്‍ പരീക്ഷ റദ്ദാക്കാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമാക്കിയ വിദ്യാര്‍ത്ഥികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും കോലങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഖ്യകക്ഷികളില്‍ നിന്നടക്കം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നു.
ഒടുവില്‍ സമരം 24-ാം ദിവസത്തിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സിജിഎല്‍ ഉള്‍പ്പെടെ ടിഡിപിഎല്‍ ഏജന്‍സി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ വിദ്യാര്‍ത്ഥി സമരത്തിന് പരിഹാരമായതിനെ സ്വാഗതം ചെയ്താണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ”ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റണം” എന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
