തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പിറന്ന സിംഹക്കുട്ടികളിൽ ഒന്ന് ചത്തു. കഴിഞ്ഞ ജൂണിലാണ് ലിയോ എന്ന ആൺ സിംഹത്തേയും നൈല എന്ന പെൺ സിംഹത്തേയും തിരുപ്പതി ശ്രീ വെങ്കിട്ടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. രണ്ട് ദിവസം മുമ്പ് നൈല എന്ന പേരുള്ള സിംഹം രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ് ഉണ്ടായിരുന്നത്. മുലപ്പാൽ നൽകാൻ നൈല വിസമ്മതിച്ചതിനെ തുടർന്ന് കുഞ്ഞുങ്ങളെ മൃഗശാലയിൽ തന്നെയുള്ള വെറ്റിനറി ആശുപത്രിയിലേക്ക് പരിചരണത്തിനായി മാറ്റിയിരുന്നു. അമ്മ സിംഹം പാല് കൊടുക്കാത്തത് കൊണ്ട് ആടിന്റെ പാലായിരുന്നു സിംഹക്കുട്ടികൾക്ക് നൽകിയിരുന്നത്. ജനിച്ചപ്പോൾ തന്നെ ആരോഗ്യ കുറവുണ്ടായിരുന്ന പെൺസിംഹ കുട്ടിയാണ് ചത്തത്. ഇതിന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ആദ്യ പ്രസവത്തിലെ കുട്ടികളെ ചിലപ്പോൾ അമ്മ സിംഹം നിരാകരിക്കുന്ന സ്വഭാവം കാണിക്കാറുള്ളതാണെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *