മഞ്ചേരി: പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം ചോരാതെ, സ്വന്തം മൈതാനത്ത് മലപ്പുറത്തിന്റെ ഗോളാഘോഷം. റാഷിദ് സി കെയുടെ ഇരട്ടഗോളും മുഹമ്മദ് മഹ്ദി, അമദു സുക്കൂന എന്നിവരുടെ ഓരോ ഗോളും ചേർന്നപ്പോൾ വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്‌സിക്കെതിരെ മലപ്പുറം എഫ്‌സിക്ക് നാല് ഗോളിന്റെ ആവേശ ജയം. ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം ഗംഭീരമാക്കിയ മലപ്പുറം നാലു കളികളിൽ അഞ്ച് പോയന്റുമായി ടേബിളിൽ നാലാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളിൽ ഒരു പോയന്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്ത്.

പ്രതിരോധനിരക്കാർ ജാഗ്രതയോടെ നിലയുറപ്പിച്ച ആദ്യ 15 മിനിറ്റിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗോൾകീപ്പർമാർക്ക് കാര്യമായ പരീക്ഷണം നേരിടേണ്ടിവന്നില്ല. കോർണറുകളും ഫ്രീകിക്കുകളും നേടിയെടുത്ത് മലപ്പുറം സമ്മർദം ചെലുത്തിയെങ്കിലും നായകൻ അമദു സുക്കൂനയെ തൃശൂർ പ്രതിരോധം പൂട്ടിയതോടെ ആതിഥേയരുടെ മുന്നേറ്റങ്ങൾ ബോക്സിന് പുറത്ത് അവസാനിച്ചു.

18-ാം മിനിറ്റിൽ മുഹമ്മദ് മഹ്ദിയെ ഫൗൾ ചെയ്ത തൃശൂർ താരം വ്ലാദിമിർ കാസ്ട്രോ മഞ്ഞക്കാർഡ് കണ്ടു. തൊട്ടുപിന്നാലെ കാസ്ട്രോ പരിക്കേറ്റ് മടങ്ങി. മധ്യനിരയിൽ പകരമെത്തിയത് അബ്ദുൽ സമദ്.

28-ാം മിനിറ്റിൽ തൃശൂർ ആദ്യമായി അപകടം വിതച്ചു. വലതുവിങ്ങിലൂടെ മുന്നേറിയ ജിയാദിന്റെ പാസ് സ്വീകരിക്കാൻ ബോക്സിൽ രണ്ട് താരങ്ങളുണ്ടായിരുന്നു, എന്നാൽ അവസാന നിമിഷത്തിലെ പിഴവ് അവസരം നഷ്ടമാക്കി.

36-ാം മിനിറ്റിൽ കോർണറിൽ നിന്ന് തിരിച്ചുവന്ന പന്ത് മുഹമ്മദ് സാലിം ലോങ് റേഞ്ചറിലൂടെ പോസ്റ്റിലേക്ക് പായിച്ചു. തൃശൂർ ഗോൾകീപ്പർ കമാലുദ്ദീൻ പന്ത് തടുത്തിട്ടു. റീബൗണ്ടിൽ അവസരം മുതലാക്കാൻ മലപ്പുറം താരങ്ങളാരും ബോക്സിലെത്തിയില്ല. പ്രതിരോധം മേൽക്കൈ നേടിയ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ മലപ്പുറം പത്തുപേരായി ചുരുങ്ങി. സിലാജിത്തിനെ ഫൗൾ ചെയ്ത പ്രതിരോധതാരം അബ്ദുൽ സമദിന് രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പും ലഭിച്ചു. ഒരാൾ കുറഞ്ഞതോടെ പ്രതിരോധത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ മലപ്പുറം അടിയന്തര നീക്കം നടത്തി. മുന്നേറ്റനിരയിൽനിന്ന് സജീഷിനെ പിൻവലിച്ച് പകരം പ്രതിരോധതാരം മഷ്ഹൂർ ശരീഫിനെ ഇറക്കി.

65-ാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. എൽഫോർസിയുടെ കോർണർ തൃശൂർ ബോക്സിൽ ആശയക്കുഴപ്പം സൃഷ്ടിച്ചപ്പോൾ, കൃത്യമായ സമയത്ത് ഇടപെട്ട മമ്പാട്ടുകാരൻ റാഷിദ് സി കെ പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു (1-0).

73-ാം മിനിറ്റിൽ എൽഫോർസിയുടെ മുന്നേറ്റത്തിനൊടുവിൽ റാഷിദ് സി കെ വീണ്ടും വലകുലുക്കി(2-0). ലീഡ് രണ്ടായി ഉയർന്നതോടെ മലപ്പുറത്തിന്റെ ആത്മവിശ്വാസവും വർധിച്ചു. മൂന്ന് മിനിറ്റിനകം മുഹമ്മദ് മെഹ്ദിയുടെ ഷോട്ടും തൃശൂർ വലയിൽ പതിച്ചു. ഇഞ്ചുറി സമയത്ത് എൽഫോർസിയുടെപാസിൽ നായകൻ അമദു സുക്കൂനയും സ്കോർ ചെയ്തപ്പോൾ മലപ്പുറം 4–0 ന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. 17323 കാണികൾ മത്സരം കാണാൻ ഇന്നലെ ഗ്യാലറിയിലെത്തി.

നാലാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച (ഒക്ടോബർ 18) കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സിയെ നേരിടും. മൂന്ന് മത്സരങ്ങളിൽ എട്ട് പോയന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്തും ഏഴ് പോയന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമാണ്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *