മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ കുടുക്കി വലിച്ചിഴച്ച സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടി.പി. നബീൽ കമർ (25), കുന്നുമ്മൽ വീട്ടിൽ കെ. വിഷ്ണു എന്നിവർക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർ ജില്ല വിട്ട് പോയിട്ടുണ്ടാവാമെന്നാണ് പോലീസ് വിലയിരുത്തൽ.
കേസിൽ ചൊവ്വാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കണിയാമ്പറ്റ പടിക്കംവയൽ പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കല്പറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.

അഭിരാമിനെയും അർഷിദിനെയും എസ്.സി/എസ്.ടി. വിഭാഗങ്ങൾക്കു നേരേയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു.കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാനന്തവാടി-പുല്പള്ളി റോഡിലെ കൂടൽക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്. പരിക്കേറ്റ മാതൻ മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനന്തവാടി പോലീസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയ കേസ് ചൊവ്വാഴ്ച പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്.എം.എസ്.) പോലീസിനു കൈമാറി. എസ്.എം.എസ്. ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ. സുരേഷ് കുമാറാണ് കേസന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *