അഴിമതി ആരോപണം നേരിട്ടതിനെ തുടർന്ന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ ഗതാതമന്ത്രി എസ് ഈശ്വരൻ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ നിന്ന് രാജി വെച്ചു . ഈശ്വരന്‍ പാർലമെന്റ് അംഗത്വും ഒഴിയുമെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ 2023 ജൂലൈ 11 നാണ് എസ് ഈശ്വരൻ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
ജനുവരി 16ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന് അയച്ച രാജിക്കത്തില്‍ സിപിഐബി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എസ് ഈശ്വരന്‍ നിരസിച്ചു. ‘ആരോപണങ്ങള്‍ ഞാന്‍ നിരസിക്കുന്നു. എന്റെ ഭാഗത്ത് വ്യക്തത വരുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, മന്ത്രിസഭയില്‍ നിന്നും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നതാണ് ശരിയെന്ന് തോന്നുന്നു’. എസ് ഈശ്വരന്‍ രാജിക്കത്തില്‍ പറഞ്ഞു.
അതേസമയംഎസ് ഈശ്വരൻ രാഷ്ട്രീയം വിടുന്നതിൽ തനിക്ക് നിരാശയും സങ്കടവും ഉണ്ടെന്ന് കത്തിന് മറുപടിയായി പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങ് പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങൾ നിയമമനുസരിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പാർട്ടിയുടെയും സർക്കാരിന്റെയും അഖണ്ഡത നാം ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.