പാലക്കാട്: പാലക്കാട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ സംഘാടകര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. സംസ്‌കാരിക വകുപ്പും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ അനിയന്ത്രിതമായ ജനക്കൂട്ടമെത്തിയതോടെ നിയന്ത്രണങ്ങളെല്ലാം പാളി. പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട് 15 ഓളം പേര്‍ക്കാണ് പരുക്കേറ്റത്.

കാണികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ വേടന്റെ വരവും വൈകി. ആറു മണിക്ക് നിശ്ചയിച്ച പരിപാടിക്ക് എട്ടു മണിയോടെയാണ് വേടനെത്തിയത്. തുടര്‍ന്ന് വേടന്‍ ആദ്യപാട്ട് പാടിയപ്പോള്‍ ആവേശമായി. ഇതിനു പിന്നാലെ കാണികള്‍ തമ്മില്‍ ഉന്തും തള്ളുമായി. തിക്കും തിരക്കും കൂടിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നു.

ഒന്നിലധികം തവണ പരിപാടി നിര്‍ത്തി വെച്ചു. നിരവധി തവണ പൊലീസ് ലാത്തി വീശി. ഇതിനിടെ വേടന്‍ പ്രശ്‌നമുണ്ടാക്കരുതെന്നും വേദിക്കരികില്‍ നിന്ന് മാറണമെന്നുമടക്കം ആളുകളോട് അഭ്യര്‍ത്ഥിച്ചെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. ഇതിനിടെ, പൊലീസിന്റെ ലാത്തി വാങ്ങി സംഘാടകര്‍ കാണികളെ അടിച്ചതും സംഘര്‍ഷത്തിനിടയാക്കി. 2000 പേര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങളാണ് എത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും സൗജന്യ പ്രവേശനം നല്‍കിയതും വീഴ്ചയെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *