
കോഴിക്കോട്ടെ തീപിടിത്തത്തിൽ ഫയർ ഫോഴ്സ് , പൊലീസ്, ഫോറൻസിക് , ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.അതേസമയം, കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമകൾ തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു . ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . അതേസമയം, കെട്ടിടത്തിലെ അനധികൃത നിർമ്മാണമാണ് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതെന്ന പരാതി അന്വേഷിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു . കെട്ടിട നിർമ്മാണത്തിലെ പിഴവ് തൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു.കെട്ടിടത്തിൽ അനധികൃത നിർമാണം തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. എന്നാൽ നഗരഹൃദയത്തിലെ കോർപ്പറേഷൻ്റെ കെട്ടിടത്തിനെതിരെ ഉയർന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടില്ല എന്ന മേയറുടെ പ്രതികരണവും വിമർശനത്തിന് വഴിവെച്ചിട്ടുണ്ട് . പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ നടപടികൾ ഉണ്ടാകും.