തിരുവനന്തപുരം: പൊലീസ് ക്രൂരതയ്ക്കെതിരെ പരാതി നല്‍കാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ദളിത് യുവതിയുടെ ആരോപണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ദളിത് യുവതിക്ക് പോലും ഇവിടെ നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി പറയുന്നവരെ അപമാനിക്കുകയാണ്. പൊലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ് ദളിത് യുവതിക്കുണ്ടായ സംഭവം. പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
സര്‍ക്കാരിന്റെ നാലാം വര്‍ഷം നാളെ യുഡിഎഫ് കരിദിനമായി ആചരിക്കും. സര്‍ക്കാരില്ലായ്മയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു. കേരളം ലഹരിമരുന്നിന്റെ താവളമാണ്. സര്‍ക്കാര്‍ രാഷ്ട്രീയ സുരക്ഷ നല്‍കി സംരക്ഷിക്കുകയാണ്. കേരളത്തിലെ ക്ഷേമനിധി ബോര്‍ഡ് തകര്‍ന്നു. ഒന്നിനും പണമില്ലാത്ത ദയനീയാവസ്ഥയാണ്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരണ്. പൊതുകടം ആറ് ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. മരുന്നില്ല, ഭക്ഷണ സാധനങ്ങളില്ല. കെഎസ്ഇബിയെ കടത്തിലാക്കി. വൈദ്യുതി ചാര്‍ജ് കൂട്ടി.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. നാലാം വാര്‍ഷിക പ്രമോഷന് വേണ്ടി പരസ്യമല്ലാതെ മാധ്യമങ്ങള്‍ക്ക് പണം കൊടുക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രിമാരെ പ്രൊമോട്ട് ചെയ്യാന്‍ ജനങ്ങളുടെ പണം ഉപയോഗിക്കുന്നുണ്ടോ?. മലയോരത്തെ പാവപ്പെട്ടവരുടെ ജീവിതം വന്യ ജീവികള്‍ക്ക് ആക്രമിക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ്. വേടനെ ലഹരി വിരുദ്ധ പരിപാടികളില്‍ കൊണ്ടു വന്നതില്‍ തെറ്റില്ലെന്നും തെറ്റ് തിരുത്തി വന്ന ആളാണ് വേടനെന്നും അദ്ദേഹം പറഞ്ഞു.