തിരുവനന്തപുരം: കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിന് എതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷ വിമർശനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. ഭാര്യ മത്സരിച്ചതോടെ കണ്ണൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് വിമർശനം.
തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടറിയാകാന്‍ കഴിവുള്ള നേതാക്കള്‍ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. എം വി ഗോവിന്ദന്‍ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത് എന്ന് തനിക്കറിയാമെന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുപടി. തങ്ങള്‍ യോഗ്യരല്ല എന്ന് എം വി ഗോവിന്ദന്‍ എങ്ങനെ പറയുമെന്നും വിമര്‍ശനം ഉയര്‍ന്നു.
യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി രംഗത്തെത്തി. മുന്‍ മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം അവമതിപ്പ് ഉണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് സമയത്ത് ആര്യാ രാജേന്ദ്രനെ കാറില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കം എതിര്‍ത്തെന്നും ശിവന്‍കുട്ടി പറഞ്ഞു. കാറി തുപ്പുന്നത് പോലെ ആയിരുന്നു സ്ത്രീകളുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തില്‍ അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഉടുമ്പൻചോലയിൽ എം.എം. മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പാളിയെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി വിലയിരുത്തി. മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോൾ മണിയെ തഴഞ്ഞത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
ആലപ്പുഴയിൽ നേതാക്കളുടെ സ്വഭാവരീതിക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയർന്നത്. പിണറായി വിജയൻ നടത്തിയ ‘ചെറ്റ’ പരാമർശം സാധാരണക്കാരെ പാർട്ടിക്കെതിരാക്കി. സാധാരണക്കാരെ കാണുമ്പോൾ ചിരിക്കാൻ പോലും മറക്കുന്ന ധാർഷ്ട്യക്കാരായി നേതാക്കൾ മാറിയെന്നും വിമർശനമുണ്ടായി. പാർട്ടിക്കുള്ളിൽ ചർച്ചകൾ കുറയുന്നതായും തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണം ഉയർന്നു. മുൻ എം.എൽ.എ യു. പ്രതിഭയുടെ പരസ്യ പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്നും കമ്മിറ്റി വിലയിരുത്തി. എന്നാൽ പാർട്ടിയിൽ ഇപ്പോൾ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. 1970-കളിൽ 17 സീറ്റിലേക്ക് ഒതുങ്ങിയപ്പോഴും പാർട്ടി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
