പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന കോൾഡ് കേസ് എന്ന സിനിമയുടെ ടീസർ പുറത്ത്. ആമസോൺ പ്രൈം വിഡിയോ ആണ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ടീസർ പുറത്തുവിട്ടത്. ഈ മാസം 30ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മറ്റൊരു ടീസർ ലീക്കായിരുന്നു.
ഛായാഗ്രാഹകൻ തനു ബാലകിൻ്റെ സംവിധാന അരങ്ങേറ്റമാണ് കോൾഡ് കേസ്. ആൻ്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനാഥ് വി നാഥ് ആണ് തിരക്കഥ. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കുമ്പോൾ ഷമീർ മുഹമ്മദ് ആണ് എഡിറ്റർ. പ്രകാശ് അലക്സ് സംഗീതം.
അരുവി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അദിതി ബാലൻ്റെ മലയാള അരങ്ങേറ്റവും കൂടിയാണ് ചിത്രം. പൃഥ്വിരാജ്, അദിതി ബാലൻ എന്നിവർക്കൊപ്പം ലക്ഷ്മിപ്രിയ, അലൻസിയർ ലോപ്പസ്, അനിൽ നെടുമങ്ങാട്, ആത്മീയ രാജൻ, സുചിത്ര പിള്ള തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം ഹൊറർ ത്രില്ലർ ആണെന്ന സൂചനയാണ് ടീസർ നൽകുന്നത്.