മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു . ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഊട്ടിയില്‍ വെച്ചായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് ഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ കണ്ട മണിരത്നം ചിത്രത്തില്‍ വെച്ച് ഏറ്റവും വലിയ കാന്‍വാസാണ്. അതിനാല്‍ സിനിമ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്നം വ്യക്തമാക്കിയിരുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാര്‍ഡത്തി, ജയം രവി, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *