ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ നടന്‍ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആറുവർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതോടെയാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്.കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടൻ നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ഇത് കണ്ടെത്തുകയും കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചെന്നും അതിന് കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെതായുമാണ് പരാതി.കേസില്‍ ജയസൂര്യ, കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം.
2013ലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് 2014ല്‍ അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറിയ ഭൂമി അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉത്തരവുകളൊന്നും നടപ്പായില്ല. ഇതേ തുടര്‍ന്ന് കേസ് കോടതിയില്‍ എത്തുകയായിരുന്നു.
കുറ്റപത്രത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *