തിരുവനന്തപുരം: ബിജെപി വിട്ടതായി പത്മജ വേണുഗോപാൽ. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയെന്നും, ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും അവർ വ്യക്തമാക്കി. ബിജെപിയുടെ ആശയങ്ങൾ കൃത്യമായി പഠിക്കാതെ എടുത്തുചാടി തീരുമാനമെടുക്കുകയായിരുന്നുവെന്നും പത്മജ പറഞ്ഞു.

രാജിക്കാര്യം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെ മാത്രമാണെന്ന് വെളിപ്പെടുത്തിയ പത്മജ, ചേട്ടനെ തിരിച്ചുകിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. പദവികൾ ലഭിക്കാത്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും, ബിജെപി തനിക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെന്നും, താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നുവെന്നും, എന്നാൽ കോൺഗ്രസിൽ ചേരുന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ പറഞ്ഞു. കോൺഗ്രസിലെ പദവികൾ പ്രതീക്ഷിച്ചല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, പത്മജ വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങിയേക്കുമെന്ന സൂചനകളും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *