1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയാന്‍ കപില്‍ ദേവും കെ ശ്രീകാന്തും ബോളിവുഡ് താരം രണ്‍വീര്‍ സിങിനും നടന്‍ പൃഥ്വിരാജിനുമൊപ്പം കൊച്ചിയിലെത്തി. ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തെ ആസ്പദമാക്കി എടുത്ത ചിത്രം ’83’ യുടെ പ്രമോഷന്റെ ഭാഗമായാണ് താരങ്ങള്‍ കൊച്ചിയിലെത്തിയത്.

ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും . കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക . പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.

‘വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ച് കപ്പുയര്‍ത്തിയത് അടക്കമുള്ള ലോകകപ്പിലെ അപൂര്‍വ നിമിഷങ്ങളെല്ലാം വൈകാരികമാണ്, ആ അനുഭവങ്ങളും നിമിഷങ്ങളുമാണ് സിനിമയിലുള്ളത്. അന്നത്തെ തങ്ങളുടെ ജീവിതം അതുപോലെ തന്നെ ചിത്രത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ടന്ന് കപില്‍ ദേവും കെ ശ്രീകാന്തും പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ജീവിതത്തിന്റെ ഭാഗമായതിലും ക്രിക്കറ്റ് ഇതിഹാസമായ കപില്‍ ദേവിന്റെ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും വലിയ സന്തോഷമുണ്ടെന്ന് രണ്‍വീര്‍ സിംഗ് പറഞ്ഞു.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജിനാണ്. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം നോക്കിയല്ല വിതരണം ഏറ്റെടുത്തതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഇന്ത്യയെന്ന വികാരത്തെ സ്‌ക്രീനില്‍ എത്തിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചിത്രം ഡിസംബര്‍ 24ന് തീയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *