
പാതി വില തട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ അംഗം ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു. ഇടുക്കി കുമളിയിലെ വീടാണ് സീൽ ചെയ്തത്. ഷീബ നിലവിൽ വിദേശത്താണ്.
കഴിഞ്ഞ ദിവസമാണ് ഇഡി സംഘം കുമളിയിലെത്തിയത്. നിലവിൽ തട്ടിപ്പ് കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും മുൻ കുമളി പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായിരുന്ന ഷീബ സുരേഷിനെതിരെ വണ്ടൻമേട് പൊലീസിൽ സീഡ് കോർഡിനേറ്റർമാർ പരാതി നൽകിയിട്ടുണ്ട്. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.അനന്തു കൃഷ്ണൻ്റെ നേതൃത്വത്തിൽ തൊടുപുഴ കോളപ്രയിൽ പ്രവർത്തിച്ചിരുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസേർച്ച് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ചെയർപേഴ്സൺ കൂടിയാണ് ഷീബ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളുടെ ചുമതല ഷീബ സുരേഷിന് ഉണ്ടായിരുന്നുവെന്നാണ് വിവരം. തൻ്റെ ബന്ധങ്ങൾ ഉപയോഗിച്ച് ജില്ലയിലും ജില്ലക്ക് പുറത്തും കോർഡിനേറ്റർമാരെ നിയോഗിച്ചിരുന്നത് ഷീബ സുരേഷാണെന്നും സൂചനയുണ്ട്. അനന്തു കൃഷണനുമായി ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്.