സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പരിപാടിയില്‍ ഘടകകക്ഷി മന്ത്രിമാരും പങ്കുചേര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്. മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കേക്കിന്റെ മധുരം പങ്കുവച്ചു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
പിണറായി വിജയന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും എന്നത് കണക്കിലെടുക്കുമ്പോള്‍ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നവയുഗം പത്താമത്തെ വര്‍ഷത്തിലേയ്ക്ക് കടക്കുകയാണെന്ന് പറയാം. 2016-ല്‍ അധികാരമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റാന്‍ സാധിക്കുന്ന അഭിമാനത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും ഈ വാര്‍ഷികത്തെ എതിരേല്‍ക്കുന്നത്.
അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ വികസനപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയും വീടും ഭൂമിയും ഭക്ഷണവും ആരോഗ്യവും ഉള്‍പ്പെടെ ജനജീവിതത്തിന്റെ ഓരോ തലത്തിലും ക്ഷേമം ഉറപ്പുവരുത്തിയുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും നമുക്കു മുന്നില്‍ വെല്ലുവിളികളുയര്‍ത്തി. പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ നാടിനായി നില്‍ക്കേണ്ടവര്‍ പലരും നമുക്കെതിരെ നിന്നു. വര്‍ഗീയ ശക്തികള്‍ ഭിന്നതകള്‍ സൃഷ്ടിച്ച് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു.
എന്നാല്‍ ഓരോ ആപല്‍ഘട്ടങ്ങളേയും ജനകീയ ജനാധിപത്യത്തിന്റെ മഹാമാതൃകകള്‍ ഉയര്‍ത്തി ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്നു നേരിട്ടു. ജീവിതനിലവാര സൂചികകളില്‍ മാത്രമല്ല വ്യവസായ സൗഹൃദാന്തരീക്ഷത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് തെളിയിച്ചു. പശ്ചാത്തലസൗകര്യം, വ്യവസായം, സ്റ്റാര്‍ട്ടപ്പ്, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകള്‍, പൊതുആരോഗ്യ രംഗം, കൃഷി, ടൂറിസം, ഭക്ഷ്യപൊതുവിതരണം, ഭൂവിതരണം, ജനക്ഷേമ പദ്ധതികള്‍ തുടങ്ങി എല്ലാ രംഗങ്ങളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച ഇക്കാലയളവില്‍ കേരളം കൈവരിച്ചു. എണ്ണമറ്റ ദേശീയ അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ നമ്മെ തേടിയെത്തി.
ഈ നേട്ടങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ അഞ്ചാമത്തെ വര്‍ഷത്തിലേയ്ക്ക് കടക്കുന്നത്. നാടിനെ ഭിന്നിപ്പിക്കുന്ന ശക്തികളെ അവഗണിച്ച് ജനങ്ങളും ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ്. ഓരോ വാര്‍ഷികാഘോഷ വേദിയിലും അലയടിച്ചെത്തുന്ന ജനസാഗരം ഈ സര്‍ക്കാര്‍ തുടരുമെന്നുള്ള ഉറച്ച പ്രഖ്യാപനമായി മാറുകയാണ്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും അവരുടെ പിന്തുണയും ഊര്‍ജ്ജവും പ്രചോദനവുമാക്കി അവര്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ പ്രതിബദ്ധതയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകും. ഈ വാര്‍ഷികാഘോഷ വേളയില്‍ നാടിനു നന്ദി പറയുകയാണ്. പ്രിയ ജനതയ്ക്ക് അഭിവാദ്യങ്ങള്‍.