ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംഭവത്തില്‍ എല്ലാ വശവും പരിശോധിക്കും. കാട്ടാന ആക്രമണമല്ലെന്ന കോട്ടയം ഡിഎഫ്ഒയുടെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു.
കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസ്വാമി നല്‍കിയ പരാതിയിലാണ് നടപടി.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലെത്തിയ സീതയെ കാട്ടാന ആക്രമിച്ചെന്നാണ് ഭര്‍ത്താവായ ബിനു പറഞ്ഞത്. ബിനുവും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. എന്നാല്‍ സീതയുടെ മരണം കൊലപാതകമാണെന്നാണ് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞത്.