
ഇസ്രയേൽ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോൾ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാണ് സംഘർഷത്തിൽ ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല.
മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കും. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെ ഇറാൻ നിയമവിരുദ്ധമായി മനഃപ്പൂർവ്വം വെടിയുതിർത്തു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ് ഇറാന്റെ ശ്രമമെന്ന് ഇസ്രയേൽ അറിയിച്ചു.മധ്യ ഇസ്രയേലിൽ എട്ട് കിലോമീറ്ററോളം ചുറ്റളവിൽ ക്ലസ്റ്റർ ബോംബുകൾ പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ക്ലസ്റ്റർ ബോംബ് വാർഷിച്ചതിൽ ഇത് വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ക്ലസ്റ്റർ ബോംബുകൾ ഏറെ അപകടം പിടിച്ച ആയുധം ആയത് കൊണ്ട് തന്നെ പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച് ഇസ്രയേൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2008-ൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്‌ക്കെതിരെ 111 രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിൽ ഇറാനും ഇസ്രയേലും പങ്കുചേർന്നിരുന്നില്ല.
ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാൻ ബോംബിട്ട് തകർത്തിരുന്നു. ഇതിന് പിന്നാലെ ഇസ്രായേലും ശക്തമായി തിരിച്ചടിച്ചിരുന്നു. സൊറോക ആശുപത്രി ആക്രമണത്തിന് ഇറാൻ കനത്തവില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുൾപ്പെടെ ഇറാനിൽ ആരും സുരക്ഷിതരല്ലെന്ന് സൊറോക സന്ദർശിച്ച് നെതന്യാഹു ഭീഷണി മുഴക്കി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടുംമുടിക്കുമെന്നും ആവർത്തിച്ചു. ആശുപത്രി ആക്രമണത്തെ റെഡ്ക്രോസ് അപലപിച്ചു.
അതിനിടെ, സയണിസ്റ്റുകളെ അനുകൂലിച്ച് അമേരിക്ക സംഘർഷത്തിൽ ഇടപട്ടാൽ അവരെ പാഠംപഠിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്‌സദേഹ് മുന്നറിയിപ്പ് നൽകി. ഇത് അമേരിക്കയുടെ യുദ്ധമല്ലെന്നും പറഞ്ഞു.
സംഘർഷം പരിഹരിക്കാനുള്ള സാധ്യതതേടി യൂറോപ്യൻ രാജ്യങ്ങൾ വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ അടിയന്തരയോഗം ചേരും. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പങ്കെടുക്കും. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് യോഗമെങ്കിലും യുഎസ് പ്രതിനിധികൾ പങ്കെടുക്കില്ല.