മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.

മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡ് വരുമെന്നുമാണ് വിലയിരുത്തല്‍.

എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കും. എന്നാല്‍ അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ വോട്ട് നില എല്‍ഡിഎഫിന് ഒപ്പമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേടുന്ന വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി അന്‍വറിലൂടെ എല്‍ഡിഎഫിലെത്തിയ വോട്ടുകളാകും പി വി അന്‍വര്‍ പിടിക്കുകയെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *