ന്യൂഡൽഹി: നാളെ നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ സുഗമവും സുരക്ഷിതവും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, ദേശീയ പരീക്ഷ ഏജൻസി (എൻ‌ടി‌എ) ഇന്ന് രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് മോക്ക് ഡ്രിൽ നടക്കുക. നാളെ ഉച്ചയ്ക്ക് 2നും 5.15നും ഇടയിലാണ് പരീക്ഷ. വിദ്യാർഥികൾ 1.30നു മുൻപ് പരീക്ഷ ഹാളിലെത്തണം. എഴുത്തു പരീക്ഷാ രീതിയാണ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 6.20 വരെ അധികസമയം അനുവദിക്കും. ഇന്ത്യയിലെ 551 നഗരങ്ങളിലും രാജ്യത്തിന് പുറത്ത് 14 നഗരങ്ങളിലും പരീക്ഷ നടക്കും.

22.79 ലക്ഷം പേരാണ് പുനഃപരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ചോദ്യപ്പേപ്പർ ഉൾപ്പെടെയുള്ള രഹസ്യ സാമഗ്രികൾ സുരക്ഷിതമായി കൊണ്ടുപോകാൻ ജില്ലാ ഭരണകൂടങ്ങൾ, പൊലീസ് സേനകൾ, എസ്കോർട്ട് ടീമുകൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ നടപടികൾ ഏകോപിപ്പിക്കുന്നതിനായി 674 സിറ്റി കോ ഓർഡിനേറ്റർമാരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വതന്ത്ര മേൽനോട്ടത്തിനായി 6,669 നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സെന്റർ സൂപ്രണ്ടുമാരും ഇൻവിജിലേറ്റർമാരുമുണ്ടാകും.

ഇന്നും നാളെയും അടിയന്തര സാഹചര്യങ്ങളിലൊഴികെ വിദ്യാർഥികൾക്ക് അവധി അനുവദിക്കരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആൾമാറാട്ടം തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിർദേശം. ചോദ്യപേപ്പർചോർച്ച വിവാദത്തെ തുടർന്ന് മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷ നാഷനൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയിരുന്നു. പരീക്ഷയിലെ അട്ടിമറിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *