ലിജു കൃഷ്ണ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘പടവെട്ട്‌’ എന്ന സിനിമയുടെ റിലീസ് തടയാനാവില്ല എന്ന് ഹൈക്കോടതി.സംവിധായകനെതിരെയുള്ള പീഡന പരാതി ഉയർത്തി പീഡനത്തിനിരയായ യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ലിജുവിനെതിരെ ക്രിമിനൽ കേസുണ്ടെന്നും അതിനാൽ വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ സിനിമയുമായി ബന്ധപ്പെട്ടല്ല എന്ന് കോടതി നിരീക്ഷിച്ചു.പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരും സെൻസർ ബോർഡും വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് യുവതിയുടെ ഹർജി ജസ്റ്റിസ് വി.ജി അരുൺ തള്ളിയത്.

യുവതിയുടെ ആവശ്യം സെൻസർ ബോർഡ് നേരത്തേ നിഷേധിച്ചതാണെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി. നിവിൻപോളി നായകനായെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയ്‌ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾ തന്നെക്കൊണ്ട് സംവിധായകൻ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ പ്രൊഫഷണൽ രീതിയിലുള്ള ഒരു അംഗീകാരവും നൽകിയിട്ടില്ലെന്നും യുവതി ആരോപിച്ചു. ഈ ചിത്രം പുറത്തിറക്കുന്നത് തന്നോട് കാണിക്കുന്ന നീതി നിഷേധമാണെന്ന് ഇവർ പറയുന്നു.യുവതിയുടെ പരാതിയെത്തുടർന്ന് കാക്കനാട് ഇൻഫോപാർക് പൊലീസ് കണ്ണൂരിൽ നിന്നും ലിജു കൃഷ്ണയെ കസ്റ്റഡിയിൽ എടുത്തിരുന്നു. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘പടവെട്ട്’. സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂരാണ്.
2020 മുതൽ ലിജു കൃഷ്ണ വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന് ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവർ ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *