തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി.
അതേസമയം, ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്.
എംപ്ലോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും 250 രൂപ വര്‍ധിപ്പിച്ച് 6250 രൂപയാക്കിയിരുന്നു. സീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനച്ചിരുന്നു. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. അർഹരായ ജീവനക്കാർക്ക് 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ നല്‍കും. സർവ്വീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്ത. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും.
