തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന് വിജയ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. തന്റെ പേരിലോ ഫാന്‍സ് ക്ലബിന്റെ പേരിലോ യോഗങ്ങള്‍ നടത്തുന്നതിനെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.പിതാവ് എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ചന്ദ്രശേഖര്‍, ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.വിജയിയുടെ പേരില്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പത്മനാഭന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന് വിജയിയുടെ ആരാധക സംഘടന മത്സരിക്കാനൊരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
അതിനിടെ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും പാര്‍ട്ടിയില്‍ ആരും അംഗത്വമെടുക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കും ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ക്കും എതിരെ വിജയ് കോടതിയെ സമീപിച്ചത്.
