ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഐസിസി.കോവിഡിനെ തുടർന്ന് പന്തിൽ ഉമിനീർ പുരട്ടുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി വിലക്കുണ്ടായിരുന്നു. ഇത് തുടരാൻ തീരുമാനിച്ചു.ഐസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം.ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. അതുപോലെ ഇനി പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം. നോണ്‍ സ്‌ട്രൈക്കര്‍ മറു ക്രീസില്‍ എത്തിയാലും പുതിയതായി എത്തുന്ന ബാറ്റര്‍ അടുത്ത പന്ത് അഭിമുഖീകരിക്കണം.ഏകദിനത്തിലും ടെസ്റ്റിലും പുതിയതായി ക്രീസില്‍ എത്തിയ ബാറ്റര്‍ രണ്ട് മിനുറ്റിനുളളില്‍ പന്ത് നേരിടണം. ടി20യില്‍ ഒന്നര മിനുറ്റാണ് സമയം. ബാറ്റര്‍മാര്‍ പിച്ച് നിന്ന് തന്നെ കളിക്കണം എന്നതാണ് മറ്റോരു പരിഷ്‌കാരം. ചില ബോളുകള്‍ നേരിടാനായി ബാറ്റര്‍മാര്‍ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ഇനി മുതല്‍ അത് അനുവദിക്കില്ല. ബാറ്ററെ പുറത്തിറങ്ങി കളിക്കാന്‍ നിര്‍ബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതല്‍ നോ ബോളായാണ് പരിഗണിക്കുക.

മങ്കാദിങ് അനുവദനീയമാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ പരിഷ്കാരം. ബൗളര്‍ പന്തെറിയാന്‍ വരുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ ക്രീസിന് പുറത്താണെങ്കില്‍ ബൗളര്‍ക്ക് നോണ്‍ സ്‌ട്രൈക്കിലുള്ള വിക്കറ്റില്‍ പന്തെറിഞ്ഞ് ഔട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്നു വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് മാന്യതയുള്ള കളിയായിട്ടല്ല ഇതുവരെ കണക്കാക്കിയിരുന്നത്. ഐസിസിയുടെ പുതിയ പരിഷ്‌കാരമനുസരിച്ച് ഇത്തരത്തിലുള്ള ഔട്ട് സാധാരണ റണ്‍ ഔട്ട് വിഭാഗത്തില്‍ ഇനി പരിഗണിക്കും. പന്തെറിയാന്‍ വരുന്ന ബൗളറുടെ ശ്രദ്ധ തെറ്റിക്കാനായി ബാറ്ററോ ബാറ്റിങ് ടീമിലെ അംഗമോ എന്തെങ്കിലും ചെയ്താല്‍ ബാറ്റിങ് ടീമിന്റെ സ്‌കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറയ്ക്കും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും.

ബൗളിങ് ടീം സമയത്തിനുള്ളില്‍ ഓവര്‍ എറഞ്ഞിതീര്‍ത്തില്ലെങ്കില്‍ ബൗണ്ടറിയിലുള്ള ഫീല്‍ഡറെ ഫീല്‍ഡിങ് സര്‍ക്കിളിനുള്ളില്‍ നിര്‍ത്തണം. 2022 ജനുവരിയില്‍ ട്വന്റി 20 മത്സരങ്ങളിലാണ് ഈ നിയമം കൊണ്ടുവന്നത്. ഇനിമുതല്‍ ഇത് ഏകദിന മത്സരങ്ങളിലും പ്രാവര്‍ത്തികമാകും. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *