സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍. പോരാട്ടമെന്ന വാക്കിനൊരു ആള്‍രൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനാണ്. ആലപ്പുഴയിലെ പുന്നപ്രയില്‍ വെന്തലത്തറക്കുടുംബത്തില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബര്‍ 20-ന് ജനനം. കുട്ടിക്കാലം മുതല്‍ തുടങ്ങിയ പോരാട്ട ജീവിതം. നാലാം വയസില്‍ അമ്മ അക്കമ്മയെയും പതിനൊന്നാം വയസില്‍ അച്ഛന്‍ ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടര്‍ന്ന് മൂത്ത സഹോദരന്റെ തുന്നല്‍ക്കടയില്‍ സഹായി. പിന്നീട് കയര്‍ ഫാക്ടറിയില്‍ തൊഴിലാളി.
സഖാക്കളുടെ സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം. പതിനേഴാം വയസില്‍ പാര്‍ട്ടി അംഗം. തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്യുതാനന്ദന്‍ നിന്നു. കൊടിയ പൊലീസ് മര്‍ദനമേറ്റുവാങ്ങി. 1980 മുതല്‍ 92 വരെ 12 വര്‍ഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. കണിശതയ്‌ക്കൊരു പകരം വാക്കുണ്ടെങ്കില്‍ അത് പാര്‍ട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദന്‍ എന്നായി. പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍.
പാര്‍ട്ടിക്കകത്തെ വിഭാഗീയതയില്‍ ഒരുഭാഗത്ത് എന്നും വി.എസ് ഉണ്ടായിരുന്നു. ആദ്യം നായനാരും പിന്നീട് പിണറായി വിജയനും എതിരാളികള്‍. 96ല്‍ പാര്‍ട്ടിയുടെ ഉറച്ചകോട്ടയായ മാരാരിക്കുളത്ത് തോറ്റു. പിന്നീട് കണ്ടത് മറ്റൊരു വിഎസിനെ. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലം വിഎസിന്റെ ജനകീയ നേതാവിലേക്കുള്ള പരകായ പ്രവേശത്തിന്റെ സമയമായിരുന്നു. പാമോലിന്‍, ലാവ്‌ലിന്‍, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാന്‍മല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെണ്‍കുട്ടിയ്ക്ക് താങ്ങും തണലുമായി ആ മനുഷ്യന്‍ നിന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.