ചരിത്രത്തിലാദ്യം; കമല ഹാരിസിന് കുറച്ചുനേരത്തേക്ക് പ്രസിഡന്റിന്റെ അധികാരം നല്‍കി ബൈഡന്‍

0

താല്‍ക്കാലികമായി അമേരിക്കന്‍ പ്രസിഡന്റിന്റെ ചുമതലയേറ്റ് മറ്റൊരു ചരിത്രം കൂടി കുറിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. വെള്ളിയാഴ്ച ഒരു മണിക്കൂര്‍ 25 മിനുട്ടാണ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി മാറിനിന്ന ജോ ബൈഡന്‍ ഉത്തരവാദിത്വം വൈസ് പ്രസിഡന്റിനെ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.10 ന് അധികാരം കമലാ ഹാരിസിന് കൈമാറുകയും 11.35 ന് ബൈഡന്‍ പ്രസിഡന്റ് പദവിയില്‍ തിരികെയെത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് ഓഫീസ് വ്യക്തമാക്കി.

താല്‍ക്കാലികമായെങ്കിലും ഒരു വനിത പ്രസിഡന്റ് പദവിയിലെത്തുന്നത് അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത, ഏഷ്യന്‍ വംശജ തുടങ്ങിയ ഖ്യാതികള്‍ക്ക് പിന്നാലെയാണ് കമല ഹാരിസിന്റെ ഈ നേട്ടവും.

‘ഇന്ന് രാജ്യത്താകെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും സംബന്ധിച്ച് ചരിത്രത്തിലെ മറ്റൊരു അധ്യായമാണിത്,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

അമേരിക്കയില്‍ മുന്‍ ഭരണങ്ങളില്‍ രണ്ട് തവണ പ്രസിഡന്റ് പദവി താല്‍ക്കാലികമായി വൈസ് പ്രസിഡന്റിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ചികിത്സയ്ക്കായി മാറി നിന്ന 2002 ലും 2007 ലും പ്രസിഡന്റിന്റെ അധികാരം അന്നത്തെ വൈസ് പ്രസിഡന്റിന് താല്‍ക്കാലികമായി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here