സമയ പരിമിതി മൂലമാണ് നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 23000ഉം ആണ് ലഭിച്ചത്. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *