ബാങ്കിന്റെ വാതിലിലൂടെ മുന്നണി മാറേണ്ട സാഹചര്യം ലീ​ഗിനില്ല; ലീ​ഗ് സംസ്ഥാന അധ്യക്ഷൻ

0

സുൽത്താൻ ബത്തേരി: മുസ്ലിം ലീഗ് മുന്നണി മാറുന്നതായുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിൽ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ച് പോലും ലീഗ് മാറിനടക്കില്ല. ബാങ്കിന്റെ വാതിലിൽകൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറുന്നെങ്കിൽ അത് തുറന്നുപറയും, സദിഖലി തങ്ങൾ പറഞ്ഞു.മുന്നണി ബന്ധം ഉറപ്പിക്കാനുള്ള ഒരായിരം കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ മുന്നണി മാറാനുള്ള ഒരുകാര്യവുമില്ല. വേറെ ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നതായുള്ള അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായി വ്യാപകമായിരുന്നു. സി.പി.എം. നൽകിയ കേരള ബാങ്ക് ഡയറക്ടർപദവി മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി പി. അബ്ദുൾഹമീദ് എം.എൽ.എ. സ്വീകരിച്ചതും കാസർകോട് നവകേരള സദസ്സിന്റെ യോഗത്തിൽ മുസ്ലിംലീഗ് നേതാവ് എൻ.എ. അബൂബക്കർ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതുമെല്ലാ ഇത്തരം ചർച്ചകൾക്ക് ശക്തിപകർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here