കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു അന്നത്തെ മാറ്റം. നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ഇപ്പോഴത്തെ യൂണിഫോം.

Leave a Reply

Your email address will not be published. Required fields are marked *