ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. രാവിലെയായിരുന്നു അന്ത്യം. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലെ വസതിയിലായിരുന്നു മരണം. വാർധക്യസഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്നാണ് അവർ വിടവാങ്ങിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാവിത്രി ദേവിയുടെ ആരോഗ്യനില പലതവണ വഷളായിരുന്നു. ഈ ഘട്ടങ്ങളിൽ യോഗി ആദിത്യനാഥ് അവരെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
സാവിത്രി ദേവിയുടെ വിയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. ഈ വാർത്ത ഏറെ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ വാത്സല്യവും അനുഗ്രഹവും സ്നേഹവുമാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സ്വത്തെന്നും, അവരുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പുഷ്കർ സിംഗ് ധാമി കൂട്ടിച്ചേർത്തു.
