ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്കിടെ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചതില്‍ വിദഗ്ധ പൊലീസ് സര്‍ജന്മാരുടെ സംഘം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കലക്ടര്‍. യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കലക്ടറുടെ നിര്‍ദേശം. പഴവീട് ശരത് ഭവനില്‍ ശരത്തിന്റെ ഭാര്യ ആശ ആണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ആലപ്പുഴ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് യുവതി ഗുരുതരാവസ്ഥയിലായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു ആശയ്ക്ക് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ നില വഷളാവുകയും സ്ഥിതി ഗുരതരമാകുകയും ചെയ്തു. അവിടെ ഡോക്ടര്‍മാരുടെ സംഘം ചികില്‍സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററിലായിരുന്ന യുവതി വൈകിട്ടാണ് മരിച്ചത്.