
നിർധന രോഗികളുടെ പേരിൽ പണപ്പിരിവ് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കുന്ദമംഗലം ബസ്റ്റാൻഡ് പരിസരത്ത് പിരിവ് നടത്തുന്നതിനിടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് എത്തി
ബേപ്പൂർ സ്വദേശി പ്രബിലീഷിനെ കസ്റ്റഡിയിലെടുത്തു. ഫറോക്ക് പോലീസിന് കൈമാറി.
ഫറോക്ക് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിനുമുമ്പും ഇയാൾക്കെതിരെ സമാനരീതിയിലുള്ള കുറ്റകൃത്യത്തിന് കേസുണ്ട്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രോഗികളുടെ പേര്, വിവരങ്ങൾ, ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ചികിത്സ രേഖകളും രസീതുമില്ലാതെയാണ് പിരിവ്.ഇത്തരം തട്ടിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന സംഘങ്ങൾ തുച്ഛമായ തുകയാണ് രോഗികൾക്കും ബന്ധുക്കൾക്കും നൽകുന്നത്. രോഗികൾ അറിയാതെയും പണപ്പിരിവുകൾ നടക്കുന്നുണ്ട്.
ബസ് സ്റ്റാൻഡുകൾ, ബീച്ച്, ഉത്സവപ്പറമ്പ് തുടങ്ങിയിടങ്ങൾ ഇവരുടെ പ്രവർത്തന കേന്ദ്രം. അനധികൃത പിരിവുകാരെ കണ്ടെത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ പറയുന്നത്.